തിരുവനന്തപുരം: തലസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാറും വ്യക്തമാക്കി.

തിരുവനന്തപുരത്ത് വിവിധ മേഖലകളില്‍പെട്ട നിരവധിയാളുകള്‍ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്‍, വഞ്ചിയൂര്‍ ലോട്ടറി വില്‍പന നടത്തിയ ആള്‍, മത്സ്യക്കച്ചവടക്കാരന്‍ എന്നിവര്‍ നിരവധിപ്പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ്.

അത്യാവശ്യമല്ലാത്ത ഒരു യാത്രയും തിരുവന്തപുരത്ത് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും. ഇ ഫയല്‍ ഉപയോഗം കൂട്ടും. സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം കൂടുതലുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തും. ഇവിടങ്ങളില്‍ തിരക്ക് കൂടുന്നുണ്ടോയെന്ന് പരിശോധിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി എടുക്കുമെന്നും മേയര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയര്‍.

നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കും. യാത്ര ചെയ്യുന്നവര്‍ എവിടെ പോയി, ഏത് വാഹനത്തിലാണ് പോയത് എന്നീ വിവരങ്ങള്‍ എല്ലാവരും സൂക്ഷിക്കണം. ഒരു വല്ലാത്ത അവസ്ഥയിലേക്ക് നഗരം നീങ്ങുകയാണ്. ചില കൊവിഡ് കേസുകളുടെ ഉറവിടം അറിയാന്‍ സാധിക്കുന്നില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ സ്വയം ക്വാറന്റീനില്‍ പോകണമെന്നും മേയര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *