ഡല്‍ഹി: ചൈനീസ് സംഭാവന സ്വീകരിച്ച വിഷയത്തില്‍ രാജീവ് ഗാന്ധിയുടെ പേരിലുള്ളതടക്കം മൂന്ന് ട്രെസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

അന്വേഷണത്തിനായി ഇ.ഡി സെപ്ഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്‍കി. ഇന്‍കം ടാക്സ്റ്റ് ആക്ട്, എഫ്സിആര്‍എ എന്നിവയുടെ അന്വേഷണം ഏകോപിപ്പിക്കാനാണ് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോണിയാഗാന്ധി ചെയര്‍പേഴ്‌സനും, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പിഎംഎല്‍എ, ആദായ നികുതി നിയമം, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചിട്ടുണ്ടോ എന്നാകും ആഭ്യന്തര മന്ത്രാലയ സമിതി പരിശോധിക്കുക.

2006 മുതല്‍ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുമ്പോഴാണ് കോണ്‍ഗ്രസ് ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനുള്ള കേന്ദ്ര തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *