കൊച്ചി: വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളവും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകാന്‍ സാധ്യത. എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കണ്ടയെ്‌മെന്റ് സോണുകളില്‍ വേണ്ടി വന്നാല്‍ മുന്നറിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞത്. ഇതിനായി പ്രത്യക ആലോചന നടത്തില്ല.

കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കും. പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നല്‍കുന്ന ആശങ്ക ചെറുതല്ല. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വര്‍ധന രേഖപ്പെടുത്തുണ്ട്. ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാര്‍ഡിയോളജി ജനറല്‍ മെഡിക്കല്‍ വാര്‍ഡുകള്‍ അടച്ചു.

കുറവ് പരിശോധനയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് എറണാകുളം ജില്ലയില്‍. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പത്ത് ദിവസം വരെ 300 അധികം പരിശോധന ഫലങ്ങളാണ് ലഭിക്കാനുണ്ടായിരുന്നത്. ചില ദിവസങ്ങളില്‍ ഇത് 486 വരെയെത്തി. ഇവരില്‍ കൂടുതല്‍ പേരും വീടുകളില്‍ തന്നെയാണ് ക്വാറന്റൈനില്‍ കഴിയുന്നത്. കൊവിഡ് സാധ്യതയുള്ളവരുടെ പരിശോധന ഫലം വൈകുന്നത് ഇവരുമായുള്ള സമ്പര്‍ക്കപ്പട്ടികയും വലുതാക്കുന്നു.

ജില്ലയില്‍ ഇത് വരെ 59 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം കൊവിഡ് രോഗികളുടെ അടുത്ത ബന്ധുക്കളോ, ഇവരുമായി വളരെ അടുത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആണ്.ജില്ലയിലെ രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് കൂടാതെ മറ്റൊരു യൂണിറ്റ് കൂടി പരിശോധനക്കായി എത്തിക്കേണ്ട സാഹചര്യമാണ്. പിസിആര്‍ പരിശോധനക്കൊപ്പം ആന്റിജെന്‍ പരിശോധനയും,പൂള്‍ ടെസ്റ്റിംഗും കൂട്ടി പ്രതിസന്ധി മറികടക്കാനാണ് ജില്ല ആരോഗ്യവിഭാഗത്തിന്റെ ശ്രമം.

ജില്ലയില്‍ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനമായിരുന്നു. മാനദണ്ഡ പ്രകാരം പൂള്‍ ടെസ്റ്റിംഗ് വഴി കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും. സെന്റിനല്‍ സര്‍വെയ്ലന്‍സില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകള്‍ക്ക് സ്വകാര്യ ലാബുകളില്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *