ഷെഹ്സാദി

ഏതൊരു വിഷയം വന്നാലും എന്നും പെണ്ണിനെതിരെ സംസാരിക്കാനാണ് ലോകത്തിന് ഇഷ്ടം. പീഡന കേസിൽ അവളുടെ വസ്ത്രധാരണവും ആത്മഹത്യയിൽ അവളുടെ ദീനും , അവൾ പറയുന്ന തെറികളും മാത്രം ചർച്ചയാവുന്നു. ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നവൾ സമൂഹത്തിന് മുന്നിൽ വലിയ അപരാധിയാണ്.ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോൾ അത് പുരുഷന്റെ ലൈംഗിക വികാരങ്ങളെ ഉണർത്തിയാൽ അതിനും കുറ്റം സ്ത്രീക്ക് മാത്രം.ടോവിനോ ഒക്കെ അടിവസ്ത്രം മാത്രമിട്ട് ഫോട്ടോ ഇട്ടാൽ അത് കാണുമ്പൊൾ സ്ത്രീകൾക്ക് ഒന്നും തോന്നുന്നില്ല എന്നൊക്കെ നിങ്ങളങ്ങ് തീരുമാനിച്ച് വെച്ചിട്ടുണ്ടല്ലോ.ഇനി തോന്നിയാൽ അതാണ് പ്രശ്നം.അല്ലെങ്കിലും സ്ത്രീകളുടെ വികാരങ്ങൾക്ക് ഇവിടെ വിലയില്ലല്ലോ. ഇനി സ്ത്രീകളെ പിന്തുണച്ച് ഒരു പുരുഷൻ സംസാരിച്ചാൽ അവനെ പെൺകോന്തൻ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് താല്പര്യം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫെമിനിസം എന്തിനാണ് എന്ന് ചോദിക്കുന്നവർ തന്നെയാണ് അതിനുള്ള ഉത്തരം.
മാത്തുകുട്ടിയുടെ കൂടെയുള്ള അഭിമുഖത്തിനു ശേഷം ആണെന്ന് തോന്നുന്നു പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്.കസബയിലെ സ്ത്രീ വിരുദ്ധതയെ പറ്റിയുള്ള പരാമര്‍ശം കൂടിയായപ്പോള്‍ സൈബര്‍ ലോകത്തെ കുലപുരുഷന്മാരുടെയും കുലസ്ത്രീകലുടെയും കുരു പൊട്ടി. കെട്ടാലറക്കുന്ന തെറികളും ന്യായീകരിക്കാന്‍ പറ്റാത്ത ട്രോളുകളുമായി ‘സിനിമാസ്നേഹികള്‍’ സോഷ്യല്‍ മീഡിയയില്‍ സംഹാര താണ്ഡവമാടി. ദിലീപ് അഭിനയിച്ച രാമലീല സംവിധായകന്‍റെയും വേറെ ഒരുപാട് പേരുടെയും കഷ്ടപ്പാടായി കണ്ട് സിനിമ എന്ന കലയെ സപ്പോര്‍ട്ട് ചെയ്തവര്‍ മൈസ്റ്റോറി യിലെ പാട്ടുകള്‍ക്ക് ഡിസ്ലൈക്ക്കൊടുത്തും പാര്‍വതിയെ തെറി പറഞ്ഞും സിനിമ കാണരുതെന്ന് പറഞ്ഞും ആത്മസംതൃപ്തി അടയുമ്പോള്‍ തെളിയുന്നത് നമ്മുടെ സമൂഹം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് തന്നെയാണ്.എത്ര അഭിമാനത്തോടെയാണ് യുവസമൂഹം അതിനെ മഹത്വവല്‍ക്കരികുന്നത്!! സിനിമ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്ന് സ്വന്തം അനുഭവം വെളിപ്പെടുത്തിയാണവര്‍ പറഞ്ഞത്. എന്ത് പറയുന്നു എന്നത് പോലെ പ്രധാനമാണ് എങ്ങനെ പറയുന്നു എന്നതും. മമ്മൂക്കയെ പോലൊരു നടന്‍ സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു സിനിമ ചെയ്യുമ്പോള്‍ അത് സമൂഹത്തെ ബാധിക്കും എന്നതില്‍ തര്‍ക്കമില്ല.ഫാന്‍സ്‌ അത് തെളിയികുകയും ചെയ്തു.മുഹമ്മദ്‌ കുട്ടി എന്ന വക്കീലിനല്ല,മമ്മൂട്ടി എന്ന നടനാണ്ആരാധകരുള്ളത്. അത് അന്ധമായതും സിനിമയിലൂടെ തന്നെ. ഒരു വിനോദോപാധി എന്നതിനപ്പുറം സിനിമ എങ്ങനെയോകെ സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവ് തന്നെയാണ് പിന്നീട് നടന്ന കാര്യങ്ങള്‍. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് അംഗീകരിക്കാന് കഴിയുന്നത് പൊതുബോധത്തിന്‍റെ ഉള്ളില്‍ നിൽക്കുന്നവ മാത്രമാണ്. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് എ എം എം എ എന്ന സിനിമ സംഘടനയെടുത്ത നിലപാടിനോട് പ്രതിഷേധിച്ച് കൊണ്ട് പാർവ്വതിയുൾപ്പെടുന്ന ഒരു കൂട്ടം വനിതാ ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയ ഡബ്ലിയുസിസി ഏറ്റവുമധികം ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വരുന്നതും പുരുഷാധിപത്യത്തിന്റെ ഈഗോക്ക് മുറിവേറ്റത് കൊണ്ട് തന്നെയാണ്. എന്ത് കൊണ്ടാണ് എ എം എം എ ക്ക് എതിരെ വരുന്ന ആരോപണങ്ങളും പ്രശ്നങ്ങളും ചോദ്യം ചെയ്യപ്പെടാത്തത്?

കഴിഞ്ഞ ദിവസം ഭാമ ഉൾപ്പെടുന്ന സഹപ്രവർത്തകർ ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞപ്പോൾ അതിനെതിരെ പ്രതികരിക്കാനും ഒരു ചെറിയ വിഭാഗം മാത്രമാണുണ്ടായത്. സിദ്ധിഖ്, സായ്കുമാർ,ബിന്ദു പണിക്കർ,ഭാമ എന്നിവരുടെ സിനിമ ബഹിഷ്കരിക്കാനോ ഡിസ്‌ലൈക്ക് കാമ്പയിൻ ആരംഭിക്കാനോ ഒരാളുമുണ്ടായിരുന്നില്ല. ഇനിയുണ്ടാവുകയുമില്ല. കാരണം ഇരയായത് ഒരു സ്ത്രീയും പ്രതി സ്ഥാനത്ത് ‘ജനപ്രിയ നായകനു’മാണ്. വർഷങ്ങളായി നില നിന്ന് വന്നിരുന്ന രീതികളെ ചോദ്യം ചെയ്യുന്നവരെ പ്രതിസ്ഥാനത്ത് കൊണ്ട് വരുന്നത് മനുഷ്യരുടെ ഒരു പൊതു സ്വഭാവമാണല്ലോ.ഈ വിവേചനം സിനിമയിൽ മാത്രമല്ല ഉള്ളത്. സ്ത്രീകൾ പ്രതിയാവുന്ന കേസുകളിൽ ട്രോളുകൾ കൂടുന്നതും, അവരുടെ ശരീരം ചർച്ചാ വിഷയമാവുന്നതും, കേട്ടാൽ അറക്കുന്ന ലൈംഗീക അധിക്ഷേപങ്ങൾ നടത്തുന്നതും ഇവിടെ സ്വാഭാവികമായിരുക്കുന്നു. സ്വർണ്ണക്കടത്ത് കേസ് തന്നെ ഉദാഹരണം. സ്വപ്നയും റമീസും ഒരു വാർത്തയിൽ വിഷയമാവുമ്പോൾ മാർക്കറ്റ് ചെയ്യാൻ സ്വപ്നയുടെ ഫോട്ടോ ഉപയോഗിക്കുന്നതിന്റെ കാരണം മനസിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി. കൂടത്തായി ജോളി കേസിൽ വന്ന ട്രോളുകളും, ഉത്ര കേസിൽ വന്ന ട്രോളുകളും താരതമ്യം ചെയ്താലും മനസിലാവും നമ്മുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന്.
നിലപാട് പറഞ്ഞതിന്റെ പേരിൽ പാർവതി സൈബർ ആക്രമണം നേരിടേണ്ടി വന്നപ്പോൾ ബലാൽസംഗ കേസിൽ കുറ്റാരോപിതനായ ദിലീപിന് വേണ്ടി സംസാരിക്കാനായിരുന്നു സമൂഹത്തിന്റെ താല്പര്യം.

പെണ്ണ് പുരുഷനെതിരെ സംസാരിക്കരുത് എന്ന മലയാളികളുടെ പൊതുബോധത്തിന്റെ ബാക്കിപത്രമാണ് നിലപാടുള്ള സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങള്‍.റിമയുടെ പൊരിച്ചമീന്‍ പരാമര്‍ശവും അധികമാര്‍ക്കും ദഹിക്കാതെ പോയി.ഇന്നും അത് പറഞ്ഞാണ് റിമയുടെ പോസ്റ്റുകളിൽ ഒരു വിഭാഗം ആത്മസംതൃപ്തി കൊള്ളുന്നത്. ഇവരൊക്കെ അനുഭവിച്ചത്തിന്‍റെ ഒരായിരം ഇരട്ടി അനുഭവിച്ചവര്‍ നമുക്കിടയിലുണ്ട്. ഇന്നും ഒരു മേല്‍വിലാസം ഇല്ലാത്ത ഒരുപാട് സ്ത്രീകള്‍ക്ക്, സംസാരിക്കാന്‍ ധൈര്യമില്ലാത്തവര്‍ക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയെങ്കിലും പ്രതികരിക്കാനുള്ള ധൈര്യം വന്നു എന്നുള്ളത് ഒരു വലിയ മാറ്റമാണ്.ഒന്നുമില്ലാത്തതിനേക്കാള്‍ ആശ്വാസകരമാണ് എന്തെങ്കിലുമൊക്കെ ഉള്ളത്. അങ്ങെയറ്റം സ്ത്രീവിരുദ്ധമായൊരു സിസ്റ്റത്തിന്റെ ഭാഗമായി കൊണ്ട് അതിനെതിരെ സംസാരിക്കാന്‍ പാര്‍വതി കാണിച്ച ധൈര്യം ഒരുപാട് പേര്‍ക്ക് പ്രചോദനമായെങ്കില്‍, റിമ പറഞ്ഞതിന് അനുകൂലമായി കുറെ അധികം വെളിപെടുത്തലുകള്‍ വന്നെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഇനിയും ഉണ്ടാവട്ടെ.. ‘ഫെമിനിച്ചികള്‍’ ഇനിയും ഇനിയും ശബ്ദമുയര്‍ത്തട്ടെ..

Leave a Reply

Your email address will not be published. Required fields are marked *