ഇറ്റലിക്കുപിന്നാലെ കോവിഡ് ബാധ പിടിമുറുക്കിയ സ്പെയിനിൽ മരണനിരക്ക് ചൈനയെയും മറികടന്ന് മുന്നേറുന്നു. ഇതുവരെ 3,647 പേരാണ് ഇവിടെ മരിച്ചത്. 3287 ആണ് ചൈനയിൽ മരിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയിൽ ആറുപേർ മരിച്ചപ്പോൾ സ്പെയിനിലത് 656 ആണ്. മരണസംഖ്യയിൽ മുന്നിലുള്ള ഇറ്റലിയിൽ ഇന്നലെ മാത്രം 683 പേർക്കും മൊത്തം 7503 പേർക്കും മഹാമാരിമൂലം ജീവൻ നഷ്ടമായി.
ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയാണ് മുന്നിലെങ്കിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇവിടെ വളരെ കുറവാണ്. ഇന്നലെ 67 പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. ഇക്കാര്യത്തിൽ അമേരിക്കയാണ് ഭീതിപ്പെടുത്തി മുന്നേറുന്നത്. 11,192 പേർക്കാണ് ഇന്നലെമാത്രം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. സ്പെയിനും (7,457), ഇറ്റലിയും (5,210), ജർമനിയും (4332), ഫ്രാൻസും (2929) തൊട്ടുപിറകിലുണ്ട്.