കാസർഗോഡ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
10എഫിൽ ആണ് വിദ്യാർത്ഥി പഠിച്ചിരുന്നത്. വിദ്യാർത്ഥി പത്താം ക്ലാസ് പരീക്ഷയെഴുതിയത് 10എയിൽ ആണ്. വിദായർത്ഥിക്കൊപ്പം പരീക്ഷയെഴുതിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. സഹപാഠികളും നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ നിർദേശിച്ചു.
ഇന്നലെ കാസർഗോഡ് പുതുതായി 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 81 ആയി. സംസ്ഥാനത്തു തന്നെ ആശങ്കയുണ്ടാക്കുന്നതാണ് കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതിൽ സമ്പർക്കപ്പട്ടികയിൽപ്പെട്ടവരുടെ എണ്ണം കൂടുന്നു എന്നത് സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യാനിടയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ട് കൂടുതൽ അടിയന്തര നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു. കാസർഗോട് മെഡിക്കൽ കോളേജിന്റെ ഒ പി ബ്ലോക്കിലെ 3 നിലകളിൽ കൊവിഡ് 19 ആശുപത്രിക്കായി ബെഡുകൾ തയാറാക്കി. ഐസിഎംആറിന്റെ അനുമതി കിട്ടുന്നതോടെ പെരിയ കേന്ദ്ര സർവകലാശാലയിലും സാമ്പിൾ പരിശോധ നടത്താനാകും. ഇതോടെ 24 മണിക്കൂറിൽ 250ഓളം സാമ്പിളുകളുടെ ഫലമറിയാം.

Leave a Reply

Your email address will not be published. Required fields are marked *