ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്. ചിലരൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
21 ദിവസത്തെ ലോക്ക് ഡൗണ്‍ മൂലമുള്ള ബുദ്ധിമുട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടാകമെന്ന് എനിക്കറിയാം. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു.

ഈ രോഗം നമ്മെ നമ്മെ ഇല്ലാതാക്കുന്നതിനു മുന്‍പ് നാം അതിനെ പ്രതിരോധിച്ച്‌ തോല്‍പ്പിക്കണം. ലോകത്തെ മുഴുവന്‍ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. വൃദ്ധരെയും യുവാക്കളെയും ശക്തരെയും ദുര്‍ബലരെയും ഒരേപോലെ അത് ബാധിച്ചു. മനുഷ്യകുലം മുഴുവന്‍ ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിയെ നേരിടണം, മോദി പറഞ്ഞു.

നിങ്ങളെയും കുടുംബത്തെയും വൈറസില്‍നിന്ന് രക്ഷിക്കാനാണ് ലോക്ക് ഡൗണ്‍ കൊണ്ടുവന്നിട്ടുള്ളത്. ധൈര്യവാന്‍മാരായിരിക്കുകയും ലക്ഷ്മണരേഖ വരയ്ക്കുകയും വേണം. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെ അപകടപ്പെടുത്തുകയാണ്.

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. നേഴ്‌സുമാരും ഡോക്ടര്‍മാരും പാരമെഡിക്കല്‍ ജീവനക്കാരും അടക്കമുള്ള ഈ മുന്നണിപ്പോരാളികള്‍ സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങിയാണ് വൈറസിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *