തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ധാന്യം എന്ന അളവിൽ ലഭിക്കും. നീല,വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക് 15 കിലോ വീതം ലഭിക്കും.

ഉച്ചവരെ മുൻഗണന വിഭാഗത്തിനാണ് റേഷൻ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മാത്രമെ മുൻഗണനേതര വിഭാഗത്തിന് റേഷൻ ലഭിക്കുകയുള്ളൂ. റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധ സേന പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കും.റേഷൻ കാർഡ് ഇല്ലാത്ത കുടുംബത്തിന് സൗജന്യ റേഷൻ ലഭിക്കാൻ സത്യവാങ്മൂലം നൽകണം.മുതിർന്ന അംഗത്തിന്റെ പേരിലാണ് സത്യവാങ്മൂലം. ആധാർ നമ്പറും ഫോൺ നമ്പറും രേഖപ്പെടുത്തി റേഷൻകടയിൽ അപേക്ഷിക്കണം.തെറ്റായ സത്യവാങ് മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും. എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൗജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലന്ന് അറിയിക്കുന്നവരെയും, നികുതിദായകരായ ഉയർന്ന വരുമാനക്കാരെയും ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്ന പട്ടികയിൽ നിന്ന് ഒഴിവാക്കും.

അധികമായി 74,000 മെട്രിക് ടൺ അരി കേന്ദ്രത്തോട് സൗജന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും സൗജന്യമായി നൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. വില നിൽകി വാങ്ങാനുള്ള നടപടി ക്രമങ്ങൾ ആലോചിക്കുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *