അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചുള്ള മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ നേട്ടമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഷട്ട്ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് വൈറ്റ്ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ജൂണ്‍ ഒന്നിനുള്ളില്‍ അമേരിക്കയില്‍ കാര്യങ്ങള്‍ സാധാരണഗതിയിലാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഈസ്റ്ററിന് (ഏപ്രില്‍ 12) അമേരിക്കയിലെ നിയന്ത്രണങ്ങള്‍ നീക്കുമെന്നായിരുന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നത്. അമേരിക്കയില്‍ കൊറോണ വൈറസ് പടര്‍ന്ന ആദ്യ ആഴ്ച്ചകളില്‍ ലാഘവത്തോടെ കണ്ടതാണ് ഇപ്പോള്‍ വലിയ വില കൊടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വിമര്‍ശങ്ങളുണ്ട്.

അമേരിക്കയില്‍ പ്രഖ്യാപിച്ച 15 ദിവസത്തെ നിയന്ത്രണം തിങ്കളാഴ്ച്ച തീരാനിരിക്കെ ഞായറാഴ്ച്ചയായിരുന്നു ട്രംപ് ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗസി തന്നെ അമേരിക്കയില്‍ ദശലക്ഷക്കണക്കിന് കൊറോണ വൈറസ് ബാധിതരും കുറഞ്ഞത് ഒരു ലക്ഷം മരണങ്ങളും ഉണ്ടാകാമെന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപ് ലോക്ഡൗണ്‍ നീട്ടിയതിനെ ഡോ. ഫൗസി സ്വാഗതം ചെയ്തിട്ടുമുണ്ട്.

കൊറോണ വൈറസിനെ അതിന്റെ പാട്ടിന് വിട്ടാല്‍ അമേരിക്കയില്‍ 22 ലക്ഷം പേര്‍ മരിക്കുമെന്നാണ് ഒടുവില്‍ ട്രംപ് പറഞ്ഞത്. നിയന്ത്രണങ്ങള്‍ മൂലം ഈ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് താഴ്ത്താനായാല്‍ അതൊരു നേട്ടമാണെന്നും ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ പേര്‍ അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചാല്‍ പോലും അത് മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും ട്രംപ് അവകാശപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *