സംസ്ഥാനത്ത് നാളെ മുതൽ സൗജന്യറേഷൻ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചവരെ മുൻഗണന വിഭാഗങ്ങൾക്ക് വാങ്ങാം. അഞ്ചു ദിവസത്തിനുള്ളിൽ എല്ലാവർക്കും റേഷൻ നൽകും. ഒരേസമയം അഞ്ച് പേർ മാത്രമേ വരിയിൽ ഉണ്ടാകാൻ പാടുള്ളൂ. ടോക്കൺ സമ്പ്രദായവും പരീക്ഷിക്കാം. നേരിട്ടെത്തി വാങ്ങാൻ ആകാത്തവർക്ക് വീടുകളിൽ എത്തിക്കണം. നാളെ റേഷൻ വിതരണം 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കായിരിക്കും. ബാക്കി ദിവസങ്ങളിൽ യഥാക്രമം 2, 3, 4 ,5, 6, 7, 8, 9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കും റേഷൻ വാങ്ങാം. നിശ്ചിത ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് മറ്റുള്ള ദിവസങ്ങളിൽ വാങ്ങാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസർകോടിനായി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കുമെന്നും കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി ആക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർവകലാശാലയിൽ പരിശോധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും വേഗമേറിയ ടെസ്റ്റിംഗിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റ് പഞ്ചായത്ത് അടിസ്ഥാനത്തിൽ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ടെന്നും ഇവരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. ഇവർക്ക് ഈ കാർഡ് വഴി ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തും.

അവശ്യസാധനങ്ങളുടെ വില കൂടി വിറ്റാൽ നടപടി എടുക്കുമെന്നും പരിശോധനയ്ക്ക് വിജിലൻസിനും ചുമതലയുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *