തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പരിശോധന വിപുലമാക്കും. നിലവില്‍ രോഗബാധിതപ്രദേശത്തുനിന്ന് എത്തിയവരും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ പനി, ശ്വാസതടസ്സം, വരണ്ട ചുമ തുടങ്ങിയ അഞ്ച് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കാണ് പരിശോധന. ഒന്നോ രണ്ടോ ലക്ഷണം ഉള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
സാമ്പിള്‍ പരിശോധിക്കല്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീന്‍ വാങ്ങും. ഇതില്‍ ഏഴെണ്ണം ലഭ്യമാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ 14 പിസി ആര്‍ മെഷീനുകളുണ്ട്. ഇവ അനുമതി ലഭിച്ച ലാബുകളിലേക്ക് മാറ്റി കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും ആലോചനയുണ്ട്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നിലവില്‍ 20 സാമ്പിളുകളാണ് ഒരു ദിവസം പരിശോധിക്കുന്നത്. ഇത് 100 ആയി ഉയര്‍ത്തും.
സംസ്ഥാനത്ത് പ്രതിദിനം 2000 സാമ്പിളുകള്‍ പരിശോധിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനിച്ചാല്‍പോലും പ്രതിദിനം ഇത്രയും പരിശോധന നടത്താനാകില്ല. ഐസിഎംആര്‍ മാനദണ്ഡപ്രകാരം മാത്രമേ ടെസ്റ്റുകള്‍ ചെയ്യാനാകൂ.
റാപ്പിഡ് ടെസ്റ്റ് ശനിയാഴ്ച ആരംഭിക്കും. എന്നാല്‍, വൈറസിനെതിരെ ശരീരത്തില്‍ ആന്റി ഡി രൂപപ്പെട്ടാല്‍മാത്രമേ റാപ്പിഡ് ടെസ്റ്റില്‍ വ്യക്തമാകൂ. അതിനാല്‍ റാപ്പിഡ് ടെസ്റ്റ് ഫലം നെഗറ്റീവായാലും നിരീക്ഷണത്തില്‍ തുടരേണ്ടിവരും. റാപ്പിഡ് ടെസ്റ്റ് ഫലം പോസിറ്റീവായ വ്യക്തികളെ ആര്‍ടി പിസിആര്‍ പരിശോധനയ്ക്കും വിധേയരാക്കും.

Leave a Reply

Your email address will not be published. Required fields are marked *