ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ മൊട്ടയടി ട്രെൻഡാകുന്നു. കൊറോണ പടർന്നു പിടിച്ചതോടെ രാജ്യം ഒന്നാകെ ലോക്ക് ഡൗണിലേക്ക് പോയപ്പോൾ ആളുകൾക്കെല്ലാം വീട്ടിൽ ഇരിക്കേണ്ടി വന്നു. അവശ്യസാധനങ്ങൾ ഒഴിച്ച് ബാക്കി എല്ലാ കടകളും പൂട്ടിയപ്പോൾ ബാർബർ ഷോപ്പുകളും പൂട്ടേണ്ടി വന്നു. ഇതിനുപിന്നാലെയാണ് കേരളത്തിൽ മൊട്ടയടി വ്യാപകമായത്.

ലോക്ക് ഡൗൺ മാത്രമല്ല, കടുക്കുന്ന വേനൽ ചൂടും ഈ മൊട്ടയടിച്ച് കാരണമാണ്. ചൂടുകൂടുമ്പോൾ മുടിയും താടിയും മുറിക്കാൻ ബാർബർ ഷോപ്പുകൾ ഇല്ലാത്ത അവസ്ഥ വന്നപ്പോൾ മിക്കവരും ആ ജോലി സ്വയം ഏറ്റെടുത്തു. പലർക്കും മുൻപരിചയമില്ലാത്ത പണി ആയതിനാൽ തല പുറത്ത് കാണിക്കാൻ കൊള്ളാതായതോടെയാണ് മൊട്ടയടിക്കലിൽ അവസാനിച്ചത്. ലോക്ക് ഡൗൺ കാലം 21 ദിവസം നീണ്ടു നിൽക്കുന്നതുകൊണ്ട് ജോലി സ്ഥലങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള കളിയാക്കലുകൾ നേരിടേണ്ടി വരില്ല എന്നതും മൊട്ടയടിക്കാൻ കൂടുതൽ പ്രേരണയായി.

സോഷ്യൽമീഡിയയിലും ഈ മൊട്ടയടി ഒരു തരംഗം ആയിരിക്കുകയാണ്. മൊട്ടയിടിച്ച പലരും സുഹൃത്തുക്കളെ ചലഞ്ച് ചെയ്ത് രംഗത്തെത്തിയതോടെയാണ് മൊട്ടയടി സോഷ്യൽമീഡിയയിലും വ്യാപിച്ചത്.

കേരളമൊട്ടാകെ മൊട്ടയടി ട്രെൻഡാകുമ്പോൾ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക പാവം ബാർബർ തൊഴിലാളികളെയാണ്. ലോക്ക് ഡൗൺ കഴിഞ്ഞു കട തുറക്കുമ്പോൾ ബാർബർ തൊഴിലാളികൾക്ക് പണി ഇല്ലാതാകുമോ എന്ന ആശങ്കയുണ്ട്. പ്രായഭേദമെന്യേ കൊച്ചു കുട്ടികളും പ്രായമായവരും അടക്കം മുഴുവൻ ആളുകളും ഈ ട്രെൻഡ് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *