അമേരിക്കയിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അസുഖബാധിതനായ കെയർ ടേക്കറിൽ നിന്നാവാം കടുവക്ക് വൈറസ് ബാധ ഏറ്റതെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഞായറാഴ്ചയാണ് കടുവക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നാദിയ എന്ന് പേരുള്ള നാലു വയസ്സുകാരിയായ മലയൻ കടുവക്കാണ് അസുഖം പിടിപെട്ടത്. നാദിയക്കൊപ്പം സഹോദരി അസുലും രണ്ട് അമൂർ കടുവകളും മൂന്ന് ആഫ്രിക്കൻ കടുവകളും കടുത്ത ചുമയെത്തുടർന്ന് വലയുകയായിരുന്നു. തുടർന്ന് ഇവരിൽ നിന്ന് സാമ്പിളെടുത്ത് ടെസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ നാദിയക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രോങ്ക്സ് ഉൾപ്പെടെ ന്യൂയോർക്കിലെ നാല് മൃഗശാലകളും ഒരു അക്വേറിയയും മാർച്ച് 16 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
കൊവിഡ് 19ൻ്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ പൂച്ചകൾക്കും കൊവിഡ് 19 വൈറസ് ബാധ. വുഹാനിലെ 15 പൂച്ചകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ മൃഗഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മനുഷ്യരിൽ നിന്ന് പകർന്നതാകാമെന്നാണ് സൂചന.
വീട്ടിൽ വളർത്തുന്ന ജീവികൾക്ക് വൈറസ് ബാധ ഏൽക്കും എന്നതിൻ്റെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്. പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏൽക്കാൻ സാധ്യതയില്ലെന്നും എങ്കിലും മുൻകരുതൽ എന്ന നിലയിൽ കൈ കഴുകുന്നത് നല്ലതാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
അതേ സമയം, ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 65,449 ആയി. 12,10,439 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,51,822 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് 24 മണിക്കൂറിനിടെ 83,132 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 9,493 പേരാണ്. യൂറോപ്പിൽ മാത്രം അരലക്ഷത്തോടടുത്ത് ആളുകളാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *