ലക്ഷണമില്ലാത്തവരിലും കൊറോണ വൈറസ് ബാധ വരുന്നതിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനം പ്രത്യേക സംഘത്തെ നിയോഗിക്കും. രോഗ ലക്ഷണമില്ലാതിരുന്ന പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പത്തനംതിട്ടയിലാണ് രോഗ ലക്ഷണം ഒന്നും ഇല്ലാതിരുന്ന പെൺകുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതിനാൽ ജില്ലയിലെ അരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘത്തെയായിരിക്കും ഇതിന് വേണ്ടി നിയോഗിക്കുക.

മാർച്ച് 15 ന് ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടിക്കാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ നാട്ടിലേക്കുള്ള റൂട്ട് മാപ്പ് പ്രകാരം സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകൾ ഉണ്ടാകാനിടയുണ്ട്. പ്രധാനമായും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ശബരി എക്‌സ്പ്രസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്രക്കിടയിലും ചെങ്ങന്നൂരിൽ നിന്ന് വീട്ടിലക്കുള്ള ബസ് യാത്രയ്ക്കിടയിലുമാണ് കൂടുതൽ ആളുകളുമായി സമ്പർക്കം ഉണ്ടാവാനുള്ള സാധ്യത. നിലവിലെ സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കൊറോണ ബാധിതർ ജില്ലയിൽ ഇനിയും ഉണ്ടായേക്കാമെന്നും റാപ്പിഡ് ടെസ്റ്റിനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചതായും ഡിഎംഒ വ്യക്തമാക്കി. അടൂർ സ്വദേശിയായ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിലും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഗൾഫിൽ നിന്ന് എത്തിയതായിരുന്നു യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *