സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഉടന്‍ തുടങ്ങുമെന്ന് സപ്ലൈകോ. അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്ക് വിഷുവിന് മുമ്പ് കിറ്റ് വിതരണം ചെയ്യും. 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഏപ്രില്‍ മാസത്തിനകം കിറ്റ് വിതരണം ചെയ്യും.
കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്വാറന്റീനിലുള്ളവര്‍ക്ക് നേരത്തെ സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തിരുന്നു. പഞ്ചസാര ഉള്‍പ്പെടെ ലഭിക്കുന്നതിലെ കാലതാമസമാണ് മറ്റുള്ളവര്‍ക്ക് കിറ്റ് വിതരണം വൈകാന്‍ കാരണം. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ കിറ്റുകള്‍ തയാറായെന്ന് സപ്ലൈകോ അറിയിച്ചു.
5.9 ലക്ഷം അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് ആദ്യം വിതരണം ചെയ്യുക. വിഷുവിന് മുമ്പ് ഇത് പൂര്‍ത്തിയാക്കും. പിന്നീട് ബിപിഎല്‍ കുടുംബങ്ങള്‍ക്കും മറ്റുള്ള കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യ കിറ്റു നല്‍കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു. 17 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുക. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍ വാങ്ങിയതുപോലെ ആധാര്‍ കാര്‍ഡ് നമ്പരും സത്യവാങ്മൂലവും നല്‍കി കിറ്റ് വാങ്ങാം. റേഷന്‍ കടകള്‍ വഴി തദ്ദേശഭരണ ജനപ്രതിനിധികളുടെ സഹായത്തോടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക.

കിറ്റിലുള്ള സാധനങ്ങള്‍

ഉപ്പ് -1 കിലോ

പഞ്ചസാര- 1 കിലോ

ചെറുപയര്‍-1 കിലോ

കടല -1 കിലോ

വെളിച്ചെണ്ണ -അര ലിറ്റര്‍

ആട്ട – 2 കിലോ

റവ- 1 കിലോ

തേയില – 250 ഗ്രാം

മുളകുപൊടി -100 ഗ്രാം

മല്ലിപ്പൊടി -100 ഗ്രാം

പരിപ്പ്-250 ഗ്രാം

മഞ്ഞള്‍പ്പൊടി-100 ഗ്രാം

ഉലുവ-100 ഗ്രാം

കടുക് -100 ഗ്രാം

സണ്‍ഫ്ളവര്‍ ഓയില്‍ -1 ലിറ്റര്‍

ഉഴുന്ന്-1 കിലോ

സോപ്പ്- രണ്ട് എണ്ണം

Leave a Reply

Your email address will not be published. Required fields are marked *