ധാരാവിയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ധാരാവിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. രോഗവ്യാപനം തടയാൻ ഉത്തർപ്രദേശിലെ 15 ജില്ലകൾ ഇന്നലെ അർദ്ധരാത്രി മുതൽ പൂർണമായും അടച്ചിട്ടു. ഏപ്രിൽ 13 വരെ പൂർണമായും അടച്ചിടാനാണ് ഉത്തരവ്.

കൂടാതെ ഡൽഹിയിൽ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച ദിൽഷാദ് ഗാർഡൻ, പഡ്പഡ്ഗഞ്ച് , നിസാമുദ്ദീൻ ബസ്തി തുടങ്ങിയ 20 പ്രദേശങ്ങൾ സീൽ ചെയ്തു. ഡൽഹിയിൽ വീടിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ട്. മഹാരാഷ്ട്രയെ കൂടാതെ തമിഴ്‌നാട് ,ഡൽഹി ,രാജസ്ഥാൻ ഉത്തർപ്രദേശ് ,മധ്യപ്രദേശ് ,ആന്ധ്രപ്രദേശ് എന്നിവിടങ്ങളാണ് രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത്.

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 117 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 700 കവിഞ്ഞു. ധാരാവി അടക്കമുള്ള ജനസാന്ദ്രതയുള്ള മേഖലകളിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് സർക്കാർ. കൊവിഡിനെ നിയന്ത്രിക്കാൻ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് മുംബൈയിൽ കുറ്റകരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *