ഭോപ്പാല്‍: മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ റിലയൻസ് കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് രണ്ട് ​ഗ്രാമവാസികൾ മരിച്ചു. നാലു പേരെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള പവര്‍ പ്ലാന്റിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കൃത്രിമ തടാകം തകര്‍ന്ന് പുറത്തേക്കൊഴുകിയത്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 680 കി.മീ അകലെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.

പത്തോളം കല്‍ക്കരി പവര്‍ പ്ലാന്റുകളുള്ള സ്ഥലമാണ് സിന്‍ഗ്രൗലി. പ്രദേശത്ത് താമസിക്കുന്നവര്‍ അവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളിലും വീഡിയോകളിലും മാലിന്യങ്ങള്‍ മലവെള്ളപ്പാച്ചിൽ പോലെ അതിശക്തിയില്‍ അടുത്തുള്ള കൃഷിയിടങ്ങളിലേക്ക് ഒഴുകി വരുന്നത് കാണാം. സംഭവ സ്ഥലത്തു നിന്നും കുറച്ചു മാറിയാണ് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായവർക്കു വേണ്ടി ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടെ 30 അം​ഗ സംഘം പരിശോധന നടത്തുന്നുണ്ട്.

റിലയന്‍സ് പവറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണിതെന്ന് സിന്‍ഗ്രൗലി ജില്ലാ കളക്ടര്‍ കെ വി എസ് ചൗധരി പറഞ്ഞു. ‘മാലിന്യങ്ങള്‍ ഒഴുക്കി വിടുന്ന കൃത്രിമ തടാകത്തിനോട് ചേര്‍ന്ന് താമസിക്കുന്നവരാണ് മരണപ്പെട്ടതും കാണാതായതും. റിലയന്‍സ് പവറിന്റെ ഗുരുതരമായ അലംഭാവമാണിത്. ഞങ്ങള്‍ പ്രദേശവാസികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വിളവുകളൊക്കെ നശിച്ചു പോയിട്ടുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കുമെന്ന കാര്യം ഞങ്ങള്‍ ഉറപ്പു വരുത്തും’- കെ വി എസ് ചൗധരി പറഞ്ഞു.

മാലിന്യം ഒഴുകിയെത്തി ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയാണ് നശിച്ചത്. 21,000 മെഗാവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള 10 കല്‍ക്കരി അധിഷ്ഠിത ഊര്‍ജ നിലയങ്ങളില്‍ സിന്‍ഗ്രൗലിയിലെ ഊര്‍ജ നിലയത്തിനടുത്ത കൃത്രിമ തടാകത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഗാസിയാബാദ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള രണ്ടാമത്തെ വ്യവസായ മേഖലയാണ് സിന്‍ഗ്രൗലി.

‘എസ്സാര്‍ പ്ലാന്റിലെ കൃത്രിമ തടാകവും ഇതിനുമുമ്പ് ചോര്‍ന്നിരുന്നു. ഇതിനു ശേഷം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അന്ന് എല്ലാ ഊര്‍ജ കമ്പനികളും അവരുടെ മാലിന്യമെത്തുന്ന തടാകങ്ങള്‍ക്ക് കേടുപാടുകളില്ലെന്നും കൃത്യമായി പരിപാലിച്ചു വരുന്നുണ്ടെന്നും അറിയിച്ചിരുന്നു,’ സിന്‍ഗ്രൗലിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന അഭിഭാഷകനായ അഷ്വാനി ദുബേ പറഞ്ഞു. രാജ്യത്തെ തന്നെ ഗുരുതരമായ പ്രശ്‌നം നേരിടുന്ന മേഖലയാണിത്. നിരവധി നിര്‍ദേശങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും ആരും തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ പ്ലാന്റ് അധികൃതരെ കൂടാതെ ജില്ലാ ഭരണകൂടത്തിനും വീഴ്ചയുണ്ടെന്നാണ് ​ഗ്രാമീണർ പറയുന്നത്. കഴിഞ്ഞവർഷം പ്ലാന്റിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മൂന്നു മാസം മുമ്പ് ഞങ്ങൾ പ്ലാന്റിലെ മാലിന്യ ചോർച്ചയ്ക്കെതിരെ പ്രതിഷേധച്ചിരുന്നു. ഇനി മുതൽ മാലിന്യക്കുളം പൊട്ടിയൊഴുകാനിട വരുത്തില്ലെന്ന് കമ്പനി അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറും മജിസ്ട്രേറ്റും മാലിന്യ തടാകം സന്ദർശിക്കുകയും യാതൊരു കേടുപാടും ഇല്ലെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ അതിന് ലീക്കുണ്ടായിരുന്നു. അതാണ് ഇപ്പോഴത്തെ പൊട്ടിയൊഴുകലിന് കാരണം. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗത്ത് വലിയ വീഴ്ചയുണ്ട്- ​ഗ്രാമീണനായ സന്ദീപ് പറഞ്ഞു.

ഞങ്ങളുടെ ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് നശിച്ചത്. രണ്ട് മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. ജില്ലാ ഭരണകൂടത്തിനും കമ്പനി സിഇഒയ്ക്കുമെതിരെ ഞങ്ങൾ കേസ് കൊടുക്കുമെന്നും സന്ദീപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *